ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിട്ടുനില്ക്കുന്ന കുമിളി പഞ്ചായത്തിന്റെ സാക്ഷരതാനിരക്ക് 84% മാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന കുമിളി പഞ്ചായത്തിനെ കുന്നിന്‍ ചരിവുകള്‍, കുന്നിന്‍ പുറങ്ങള്‍, താഴ്വരകള്‍, സമതലം എന്നിങ്ങനെ നാലായി തരംതിരിക്കാം. പശ്ചിമഘട്ട മലനിരകളില്‍ തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന കുമിളി പഞ്ചായത്ത് സമദ്രനിരപ്പില്‍ നിന്നും 3500 മുതല്‍ 4600 അടിവരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. മൊത്തം വിസ്തൃതിയുടെ 777.54 ച.കി.മീറ്ററും പെരിയാര്‍ വന്യമൃഗ സംരക്ഷണകേന്ദ്രമാണ്. കറുപ്പുനിറം കലര്‍ന്ന പശിമരാശി മണ്ണാണ് പഞ്ചായത്തില്‍ പൊതുവേ കാണപ്പെടുന്നത്. തേയിലകാപ്പിഏലംകുരുമുളക് എന്നീ നാണ്യവിളകളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. തേക്കടി തടാകം, 12 കുളങ്ങള്‍ എന്നിവയാണ് ഇവിടുത്തെ ഉപരിതല ജലസ്രോതസ്സുകള്‍. ഈ പഞ്ചായത്തില്‍ 32 കുഴല്‍ കിണറുകളും, 300 കുടിവെള്ള ടാപ്പുകളും ഉണ്ട്. 71 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് രാത്രികാലങ്ങളില്‍ പഞ്ചായത്തിലെ വീഥികളെ സഞ്ചാരയോഗ്യമാക്കുന്നു. വിനോദസഞ്ചാരികളുടെ പറുദീസയായ തേക്കടിയുടെ സാമീപ്യംകൊണ്ട് ലോക ശ്രദ്ധപിടിച്ചുപറ്റിയ കുമിളിപശ്ചിമഘട്ട മലനിരകളിലെ മനോഹരമായ ഗ്രാമമാണ്. കുമിളി പഞ്ചായത്തിന്റെ ഏറിയ പങ്കും ടൂറിസവുമായി ബന്ധമുള്ള ഭാഗങ്ങളാണ്. തേക്കടി ബോട്ടിംഗ്ആന സവാരിമ്യൂസിയംസ്പൈസസ് പാര്‍ക്ക് എന്നിവ പഞ്ചായത്തിലുള്ള പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. തേക്കടി പാര്‍ക്ക്കുമിളിയിലെ ഗാന്ധിപാര്‍ക്ക് എന്നിവ പഞ്ചായത്തിന്റെ ആകര്‍ഷണങ്ങളില്‍ ചിലതുമാത്രമാണ്. ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ 47.8 കി.മീ. നീളം പൊതുമരാമത്തു വകുപ്പിന്റെ കീഴില്‍ വരുന്ന റോഡുകളും, 110 കി.മീ. ദൂരം പഞ്ചായത്തുവക റോഡുകളുമാണ്. ദേശീയ പാത 220, കുമിളി-മൂന്നാര്‍ സംസ്ഥാന പാത എന്നീ റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമെന്നതുകൊണ്ടു തന്നെ രണ്ടു സംസ്ഥാനങ്ങളിലെ മധുരനെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്നു. കോട്ടയം റെയില്‍വേ സ്റ്റേഷന്‍ തമിഴ്നാട് തേനി റെയില്‍വേ സ്റ്റേഷനുകളാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നത്. കുമിളി പ്രൈവറ്റ് ബസ് സ്റ്റാന്റ്കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്‍റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് 65-ാം മൈല്‍ പാലംകുളത്തുപാലം എന്നീ പാലങ്ങള്‍. ടൂറിസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന കുമിളി പഞ്ചായത്തില്‍ എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങളൊന്നുമില്ല. എച്ച്.പി.പെട്രോളിയംഭാരത് ഗ്യാസ് എന്നീ പെട്രോള്‍ ബങ്കുകള്‍ കുമിളിചെളിമട എന്നിവിടങ്ങളിലുണ്ട്. 14 റേഷന്‍കടകള്‍, ഒരു മാവേലി  സ്റ്റോറുംഒരു നീതി സ്റ്റോറും പൊതുവിതരണരംഗത്ത് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളാണ്. കുമിളിപീരുമേട് എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ്. കുമിളിയില്‍ വിവിധ മാര്‍ക്കറ്റുകളുംതുണിവ്യാപാരംഷോപ്പിംഗ് മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്നിവയുമുണ്ട്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. കുമിളി ശ്രീ മഹാഗണപതിഭദ്രകാളി ക്ഷേത്രംതേക്കടി ദേവീക്ഷേത്രംകുമിളി ലൂര്‍ദ്ദ് ദേവാലയംഅട്ടപ്പള്ളം സെന്റ് തോമസ് ചര്‍ച്ച്കുമിളി വലിയ പള്ളിഷംസുല്‍ ഇസ്ലാം മസ്ജിദ് കുമിളിചോറ്റുപാറ മസ്ജിദ് എന്നിവ പഞ്ചായത്തിലുള്ള വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഉത്സവങ്ങള്‍, തിരുനാളുകള്‍, നബിദിനാഘോഷങ്ങള്‍ എന്നീ വിവിധ ആഘോഷപരിപാടികള്‍ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. അമൃത നൃത്ത കലാഭവന്‍, കുമിളി മാസ്റ്റര്‍ പീസ്പെരിയാര്‍ കീപ്പേഴ്സ് എന്നിവ ഈ നാടിന് ഉള്‍പുളകത്തോടെ ഓര്‍മ്മിക്കാന്‍ വക നല്‍കുന്ന കലാ-കായിക-സാഹിത്യരംഗത്തെ കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കി വരുന്ന സംഘടനകളാണ്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നത് ഏതൊരു നാടിന്റെയും കടമയാണ്. പെരിയാര്‍ ആശുപത്രിസെന്റ് അഗസ്റ്റിന്‍ ആശുപത്രികുമിളി സെന്റര്‍ ആശുപത്രിപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിശാന്തിഗിരിചെമ്പന്‍കുളം ആര്യവൈദ്യശാലഒന്നാംമൈല്‍ ഹോമിയോ ആശുപത്രിഎസ്.എന്‍.വി.ആശുപത്രിഎന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. പ്രാഥമിക ആരോഗ്യകേന്ദ്രംപെരിയാര്‍ ആശുപത്രിസെന്റ് അഗസ്റ്റിന്‍ ആശുപത്രി എന്നിവ പഞ്ചായത്തിനകത്ത് ആംബുലന്‍സ് സൌകര്യം ലഭ്യമാക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ കുമിളിയില്‍ ഒരു വെറ്റിനറി ആശുപത്രിയും വെള്ളാരംകുന്നില്‍ ഒരു സബ് സെന്‍ററും പ്രവര്‍ത്തിക്കുന്നുണ്ട്. 1925-ല്‍ കുമിളി ടൌണില്‍ 15 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഇരവിതോപ്പ് എല്‍.പി.സ്ക്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. ഇപ്പോഴത്തേ കുമിളി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ 1969-ലാണ് ഹൈസ്ക്കൂളായി ഉയര്‍ത്തിയത്. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 3 യു.പി.സ്ക്കൂളുകളും, 3 ഹയര്‍സെക്കണ്ടറി സ്ക്കൂളുകളുംഒരു ടി.ടി.സിയുംപ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സൌകര്യം ഒരുക്കി കൊണ്ട് 5 വിദ്യാലങ്ങള്‍ സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്നു. ആകാശപ്പറവ അഗതി മന്ദിരം പഞ്ചായത്തിലുള്ള ഒരു സാമൂഹ്യസ്ഥാപനമാണ്. എസ്.ബി.ടിസെന്‍ട്രല്‍ ബാങ്ക്ഫെഡറല്‍ ബാങ്ക്യൂണിയന്‍ ബാങ്ക് എന്നീ ദേശസാല്‍കൃത ബാങ്കുകളുംഇടുക്കി ജില്ലാ സഹകരണ ബാങ്ക്അമരാവതി സര്‍വ്വീസ് സഹകരണ ബാങ്ക്ചെങ്കര സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ വിവിധ പണമിടപാടു സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇപ്പോള്‍ പഞ്ചായത്തില്‍ 5 വായനശാലകളുണ്ട്. ദ്രാവിഡ പബ്ളിക് ലൈബ്രറി തേക്കടിസ്വപ്ന ലൈബ്രറി വെള്ളാരംകുന്ന്കൈരളി വായനശാല ഒന്നാം മൈല്‍, നാഷണല്‍ പ്രോഗ്രസ്സീവ് ലൈബ്രറി എന്നിവ ഈ നാടിന്റെ അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നു. ആറ് തപാല്‍ ഓഫീസുകള്‍, കുമിളിയിലെ ടെലിഫോണ്‍ എക്സ്ചേഞ്ച്പോലീസ് സ്റ്റേഷന്‍, മത്സ്യഭവന്‍, വില്‍പ്പന നികുതി ഓഫീസ്വനം വകുപ്പ് ഓഫീസ്വൈദ്യുതി ബോര്‍ഡ് ഓഫീസ് എന്നീ ഔദ്യോഗിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വിവിധ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ കുമിളിയില്‍ വിനോദസഞ്ചാരികള്‍ക്ക് സേവനം നല്‍കുന്നതിനായി കെ.റ്റി.ഡി.സിയുടെ ഒരു ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടല്‍ രേവതിതാജ് റിസോര്‍ട്ട്ജംഗിള്‍ വില്ലേജ്ട്രൈബല്‍ കമ്മ്യൂണിറ്റി ഹാള്‍, വനശ്രീ ഓഡിറ്റോറിയംവ്യാപാരിഭവന്‍ എന്നിവ പഞ്ചായത്തിലുള്ള വിവിധ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളാണ്. കുടുംബശ്രീ അക്ഷയ കേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ ക്ഷേമകാര്യരംഗത്ത് പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളാണ്.

പ്രാദേശിക ചരിത്രം

ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയില്‍ വച്ച് ചരിത്രപരമായി വളരെയധികം  പഴക്കമുള്ള ഒരു പ്രദേശമാണ് കുമിളി. കൊടുംകാടായിരുന്ന ഇവിടെ പുരാതനകാലത്ത് തമിഴ്നാട്ടുകാരായ  ആളുകള്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും നായാട്ടു നടത്തുന്നതിനും വരുമായിരുന്നു. അക്കാലത്ത് ആദിവാസികള്‍  ഇവിടങ്ങളില്‍ മാറി മാറി വസിച്ചിരുന്നതായി പറയുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ഹൈറേഞ്ചിന്റെ പലഭാഗത്തും തേയിലതോട്ടങ്ങളും മുണ്ടക്കയത്ത് റബ്ബര്‍ തോട്ടങ്ങളും വച്ചുപിടിപ്പിച്ചപ്പോള്‍ പണികള്‍ക്കായി തമിഴ്നാട്ടില്‍ നിന്ന് കാല്‍നടയായി സഞ്ചരിച്ചിരുന്ന തൊഴിലാളികളുടേയുംശബരിമലയ്ക്ക് പോയിരുന്ന അയ്യപ്പ ഭക്തമാരുടേയും ഒരിടത്താവളമായിരുന്നു കുമിളി. വിദേശികള്‍ ഹൈറേഞ്ചില്‍ തേയിലത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച കാലത്തു തന്നെ പഞ്ചായത്തിലെ ചെങ്കരആനക്കുഴിമുരുക്കടിചോറ്റുപാറ എന്നീ പ്രദേശങ്ങളിലും ജനവാസം ആരംഭിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍  കുടിയേറിയവര്‍ ആണ് കുമിളി മേഖലയിലെ ആദ്യത്തെ കുടിയേറ്റക്കാര്‍. 1886-ല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി കൂടുതല്‍ ആളുകള്‍ കുമിളിയിലേക്കു വന്നു തുടങ്ങി. ഇതിന്റെ ഭാഗമായി തേക്കടിയില്‍ ജനവാസം ആരംഭിച്ചു. ഇക്കാലയളവില്‍ മഹാരാജാക്കന്മാര്‍ ഇവിടെ വരുമായിരുന്നുവെന്നുംഅപ്പോള്‍ തമിഴ്നാട്ടില്‍ കമ്പംദേശത്ത് ആങ്കൂര്‍ നൈനാര്‍ റാവുത്തര്‍ രാജകൊട്ടാരത്തിലേക്കാവശ്യമായ പാല്‍ കൊടുത്തിരുന്നതായും ഇതില്‍ സന്തുഷ്ടനായ മഹാരാജാവ് നൈനാര്‍ റാവുത്തര്‍ക്ക് കാലികളെ മേയ്ക്കാന്‍ കുറെയധികം ഭൂമി കരമൊഴിവായി ദാനം കൊടുത്തു എന്നും പറയപ്പെടുന്നു. ഇന്നത്തെ പീരുമേട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു 498 ഏക്കര്‍ വരുന്ന പ്രസ്തുത സ്ഥലം. മലമ്പനികോളറവസൂരിപ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ക്ക് അടിമപ്പെട്ട് ആളുകള്‍ മരണപ്പെടുന്നത് ഒരു സാധാരണ സംഭവമായിരുന്നു. മലമ്പനി (തുള്ളപ്പനി)ക്ക് കുഴിയാനകളെ പിടിച്ച് ശര്‍ക്കരയില്‍ പൊതിഞ്ഞു വിഴുങ്ങുന്നത് ഒറ്റമൂലി ചികിത്സയായി ഉപയോഗിച്ചിരുന്നു എന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. തമിഴ്നാട്ടില്‍ നിന്നു വരുന്ന ആളുകളെ അക്കാലത്ത് ചൌക്കയില്‍ (ഇന്നത്തെ ബസ് സ്റ്റാന്‍ഡ്) മരുന്നിട്ട് പുകയ്ക്കുന്ന (സ്മോക്ക് ഹൌസ്) ഒരു ചികിത്സാരീതി (1942) ഗവണ്‍മെന്റ് നടത്തിയിരുന്നു.

സ്ഥലനാമ ചരിത്രം

കുമിളി എന്ന സ്ഥലപ്പേര് രൂപപ്പെട്ടതിനെപ്പറ്റി രണ്ടു കാരണങ്ങള്‍ പറയപ്പെടുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ചതുപ്പു നിറഞ്ഞ പ്രദേശമായിരുന്നതിനാല്‍ ഇവിടെ ഭൂമിക്കടിയില്‍ നിന്നും വെള്ളം കുമിളകളായി പുറത്തുവന്നിരുന്നു എന്നും ഇതു കണ്ടവര്‍ കുമിളകള്‍ കണ്ട സ്ഥലത്തെ കുമിളി” എന്നു വിളിച്ചതായും പറയപ്പെടുന്നു. അതല്ല തമിഴ്നാട്ടില്‍ നിന്നും പണ്ടെങ്ങോ വന്ന കുമുളി” എന്നു പേരുള്ള ഒരു സ്ത്രീ ഇന്നത്തെ ബസ് സ്റ്റാന്‍ഡില്‍ മരിച്ചു കിടന്നതായും ആ സ്ത്രീയെ കാണാന്‍ വന്നവര്‍ കുമുളിയെ കാണാന്‍ പോകുന്നു എന്നു പറഞ്ഞതായും പിന്നീട് ആ പദം പരിണമിച്ച് കുമിളി” ആയതായും പറയപ്പെടുന്നു.

കുടിയേറ്റ ചരിത്രം

പഞ്ചായത്തില്‍ ജനവാസം ആരംഭിച്ചത് തേക്കടിയിലാണ്. കുളത്തുപാലത്തിനു വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന വയല്‍പ്രദേശത്താണ് ആദ്യമായി കൃഷി ആരംഭിച്ചത് എന്നു പറയുന്നു. എന്നാല്‍ ഇതിനു മുമ്പും നാണ്യവിളയായ ഏലകൃഷിയുണ്ടായിരുന്നു. ഏലം പ്രധാനമായും അന്ന് വനവിഭവമായിരുന്നു. 1944 മുതല്‍ 47 വരെയുള്ള കാലയളവില്‍  അമരാവതി ഒഴിച്ചുള്ള കുമിളിയുടെ മിക്കവാറും എല്ലാ മേഖലകളിലും ആളുകള്‍ വ്യാപകമായി കുടിയേറി. കുമിളി പഞ്ചായത്തില്‍പെട്ടതും 126 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതും ഇപ്പോള്‍ പഞ്ചായത്തിന്റെ 13-ാം വാര്‍ഡുമായ പമ്പാവലിയില്‍ കൂടുതല്‍ ഭക്ഷ്യോത്പാദനം ( ഗ്രോ മോര്‍ ഫുഡ്) എന്ന സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് തടിവെട്ടി നീക്കിയ പ്രദേശങ്ങള്‍ ലെവി ഈടാക്കിക്കൊണ്ടു കൃഷിക്കു കൊടുക്കുകയാണുണ്ടായത്. ഏക്കറിന് 5 പറ നെല്ലായിരുന്നു ലെവി നിശ്ചയിച്ചിരുന്നത്. ആങ്കുര്‍ ജന്മിമാരുടെയും മങ്കൊമ്പു സ്വാമിമാരുടെയും സാന്നിദ്ധ്യം കുമിളിയില്‍ ജന്മിത്വത്തിന്റെ വേരുപാകി. 1952 കാലമായപ്പോഴേക്ക് ജന്മിമാര്‍ കുടിയേറ്റക്കാരില്‍ നിന്നും നിര്‍ബന്ധിച്ചും ബലംപ്രയോഗിച്ചുമുള്ള പാട്ടപ്പിരിവ് തുടങ്ങി. ഇങ്ങനെ പിരിക്കുന്ന പാട്ടത്തിന് രസീത് കൊടുത്തിരുന്നില്ല. കുടിയേറ്റ കൃഷിക്കാര്‍ക്ക് വീടുവച്ചു താമസിക്കുന്നതിനുള്ള അനുവാദം പോലും നിഷേധിച്ചിരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കിയ  ഭൂപരിഷ്കരണ നിയമമാണ് കേരളത്തിലെമ്പാടുമെന്നപോലെ പഞ്ചായത്തിലെ നൂറുകണക്കിനു കൃഷിക്കാര്‍ക്കും നേട്ടമുണ്ടാക്കിക്കൊടുത്തത്. ആങ്കുര്‍ ജന്മിമാരുടെയും മങ്കൊമ്പില്‍ സ്വാമിമാരുടെയും നൂറുകണക്കിനേക്കര്‍ ഭൂമിയിലെ കൈവശ കൃഷിക്കാരും പാട്ടകുടിയാന്‍മാരും ഈ നിയമത്തോടെ മണ്ണിന്റെ ഉടമകളായി മാറി. പഞ്ചായത്തിലെ ആദിവാസികള്‍ മന്നാന്‍, പളിയന്‍ എന്നീ രണ്ടു വിഭാഗക്കാര്‍ കുമിളി  പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ട്രൈബല്‍ സെറ്റില്‍മെന്റിലാണ് അധിവസിക്കുന്നത്. ഇവരുടെ മുന്‍ഗാമികള്‍ തമിഴ്നാട്ടിലെ മധുര ജില്ലയില്‍ താമസിച്ചിരുന്നവരാണ്. ആദിവാസികളുടെ പരമ്പരാഗത ആയുധങ്ങളായ തെറ്റാലിഅമ്പും വില്ലുംകവണ എന്നിവയാണ് ഇവര്‍ യുദ്ധത്തിന് ഉപയോഗിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ മധുരയില്‍ നിന്നും നാടുവിടേണ്ടി വന്ന ഇവര്‍ പൂഞ്ഞാറ്റില്‍ തമ്പുരാന്റെ സഹായത്തോടെ തമിഴ്നാട്ടിലെ ഇന്നുകാണുന്ന ഗുഡല്ലൂര്‍ വഴി കുമിളിയിലെത്തി ചുറ്റുമുള്ള വനങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. ആ കാലത്ത് ഇന്നത്തെ തമിഴ് നാട്ടിലുള്‍പ്പെട്ട മധുര ജില്ലയുടെ ഏറിയഭാഗവും  പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ വകയായിരുന്നുവെന്ന് പറയപ്പെടുന്നു.

വികസന ചരിത്രം

70 വര്‍ഷം മുമ്പ് തമിഴ്നാട്ടിലെ പാളയത്തുനിന്നും കുട്ടിക്കാനത്തേക്ക് കരിഗ്യാസ് ഉപയോഗിച്ച് ഓടിക്കുന്ന ബസ് സര്‍വ്വീസ് നടത്തിയിരുന്നു. 1914-ല്‍ കെ.കെ.റോഡ് പൂര്‍ണ്ണ സഞ്ചാരയോഗ്യമാക്കിത്തീര്‍ത്തു. 1935-ഓടു കൂടി ഇവിടെ അഞ്ചല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. തേക്കടിയിലായിരുന്നു ആദ്യത്തെ അഞ്ചലാഫീസ്. ഇക്കാലത്ത് കുമിളി ചങ്ങനാശ്ശേരി താലൂക്കിലും നെടുംകുന്നം പകുതിയിലും ഉള്‍പ്പെട്ടിരുന്നതായി പഴയകാല സര്‍ക്കാര്‍ രേഖകളില്‍ കാണുന്നു. 1890-ല്‍ ഇവിടെ പകുതിക്കച്ചേരി (വില്ലേജാഫീസ്) പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ആസ്ഥാനവും തേക്കടിയിലായിരുന്നു. കുടിയേറ്റം ശക്തിപ്പെട്ടതോടുകൂടി എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളുടെ ആത്മീയമേഖലയ്ക്കും അടിസ്ഥാനം ഉണ്ടാകാന്‍ തുടങ്ങി. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ലൂര്‍ദ്പള്ളിയുംക്ഷേത്രങ്ങളില്‍ ശ്രീമഹാഗണപതി ക്ഷേത്രവുംഭദ്രകാളി ക്ഷേത്രവുംമുസ്ലീം ആരാധനാലയങ്ങളില്‍ കുമിളി ഷംസുല്‍ ഇസ്ലാം ജുമാമസ്ജിദുമാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയങ്ങള്‍. അമരാവതിയിലെ കൃഷിക്കാര്‍ക്കുവേണ്ടി 1962-ല്‍ ആരംഭിച്ച പരസ്പര സഹായ സഹകരണസംഘമാണ് ഇന്നത്തെ അമരാവതി സര്‍വ്വീസ് സഹകരണ ബാങ്ക്. ഇത് കുമിളിയിലെ ആദ്യത്തെ സഹകരണ സ്ഥാപനമാണ്.

കാര്‍ഷിക ചരിത്രം

ഹൈറേഞ്ചിലെ ആദ്യത്തെ കുടിയേറ്റ കര്‍ഷകരുടെ നാടായ കുമിളി പഞ്ചായത്ത് ഈ നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞപ്പോഴേക്കും  കാര്‍ഷിക രംഗത്ത് വമ്പിച്ച പുരോഗതിയും വളര്‍ച്ചയും നേടിയിരുന്നു. നാണ്യവിളയായ ഏലം കൃഷി മുന്‍പു തന്നെ ഇവിടെ ആരംഭിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ മാര്‍ക്കറ്റിനെയാണ് അക്കാലത്ത് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇവിടെ ഉത്പാദിപ്പിച്ചിരുന്ന കപ്പ തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നു. ഭൂരിപക്ഷ ജനവിഭാഗമായ കര്‍ഷകരുടെ ഉത്പന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രം കുമിളി ടൌണാണ്. എന്നാല്‍ ചെറുഗ്രാമങ്ങളായ ചെങ്കരവെള്ളാരംകുന്ന്ഒന്നാംമൈല്‍, അമരാവതി സ്പ്രിംഗ് വാലി എന്നിവിടങ്ങളില്‍ മലഞ്ചരക്ക് ഉത്പന്നങ്ങളുടെ വിപണനം നടക്കുന്നുണ്ട്. 1940 കളുടെ ആരംഭം തൊട്ടുതന്നെ കുടിയേറ്റ കൃഷിക്കാര്‍ മൃഗസംരക്ഷണം ഒരു ഉപതൊഴിലായി സ്വീകരിച്ചിരുന്നു. ഉല്പാദനക്ഷമത കുറഞ്ഞ നാടന്‍ കറവമാടുകളെ തുറസ്സായ സ്ഥലങ്ങളില്‍ വിട്ടുമേയ്ക്കുകയാണ് ചെയ്തിരുന്നത്. വളരെ കുറഞ്ഞ അനുപാതത്തില്‍ എരുമകളെയും  ആടുകളെയും കോഴികളെയും വളര്‍ത്തിയിരുന്നു.

സാംസ്ക്കാരിക ചരിത്രം

ഭൂമിശാസ്ത്രപരമായി തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്ന ഇവിടെ മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ സൌന്ദര്യവും സംസ്കാരവും എല്ലാം ലയിച്ചു ചേര്‍ന്നിട്ടുണ്ട്. ആദ്യകാല കുടിയേറ്റക്കാര്‍ പരസ്പരം അദ്ധ്വാനം പങ്കിടുന്നതിനുവേണ്ടി നടത്തുമായിരുന്ന മാറ്റാള്‍പണിയോടൊത്ത് അവര്‍ ഉള്ളം തെളിഞ്ഞു പാടിയ മാറ്റാള്‍പാട്ടുകളായിരിക്കാം ഒരു പക്ഷെ കുമിളി ഗ്രാമത്തിന്റെ കലയുടെയും സംസ്കാരത്തിന്റെയും ആദ്യത്തെ ഉറവിടം. മഹാരാജാക്കന്മാരുടെ കാലത്ത് അവരെ സ്വീകരിക്കാന്‍ അന്നത്തെ കുമിളി നിവാസികള്‍ പാടിയ രാജഭക്തി  സ്തുതിഗാനങ്ങള്‍, കാട്ടുവര്‍ഗ്ഗക്കാരുടെ  വേടന്‍പാട്ടുകള്‍, നൃത്തം എന്നിങ്ങനെ നിരവധി  സങ്കേതങ്ങള്‍ പഴയ ചരിത്രത്തില്‍ കാണാം. ഏതാണ്ട് 40-45 വര്‍ഷങ്ങള്‍ക്കുമുമ്പ് കുമിളിയുടെ സാംസ്ക്കാരിക ചരിത്രത്തിന് അടിത്തറ പാകിയെന്നു പറയാം. പുരോഗമനവാദിയും തികഞ്ഞ ഗാന്ധിയനും ധിഷണാശാലിയുമായ അച്യുതന്‍ മാഷ് മുന്‍കൈയെടുത്ത് ഇവിടെ ആരംഭിച്ച വായനശാലയാണ് കുമിളിയിലെ ആദ്യകാല ഗ്രാമീണ വായനശാല.